ചാലിശ്ശേരി: അടയ്ക്കവിപണനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചാലിശ്ശേരി മാർക്കറ്റിൽ ഉത്തരേന്ത്യൻമാതൃകയിൽ ദീപാവലി മുഹൂർത്തക്കച്ചവടം നടത്തി. 160 ടൺ അടയ്ക്ക മാർക്കറ്റിലെത്തി. കർഷകർ കൊണ്ടുവന്ന എ വൺ ഗ്രേഡ് അടയ്ക്കയ്ക്ക് 405 രൂപ വരെ വില ലഭിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് അടയ്ക്ക ഇറക്കുമതി തുടങ്ങിയതോടെ ഒരു വർഷമായി വില കുത്തനെ ഇടിയുന്ന സാഹചര്യമാണുള്ളത്. ഈ സമയത്ത് നടത്തിയ മുഹൂർത്തക്കച്ചവടം കർഷകർക്ക് ആശ്വാസമായി. പട്ടോർ തരത്തിന് 330 രൂപയും കോക്ക തരത്തിന് 175 രൂപയും വില ലഭിച്ചു.
ഒട്ടേറെ കർഷകരും വ്യാപാരികളും ലേലം വിളിക്കാനെത്തി. മാസങ്ങൾക്കുശേഷം വൻതോതിൽ അടയ്ക്ക എത്തിയതോടെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും ഉഷാറായി. രാത്രി ഏഴുവരെ ലേലം തുടർന്നു.
അടയ്ക്കമാർക്കറ്റിന്റെ നവീകരണത്തിനുശേഷം കഴിഞ്ഞ വർഷമാണ് ദീപാവലി മുഹൂർത്തക്കച്ചവടം തുടങ്ങിയത്. കഴിഞ്ഞ വർഷം 228 ടൺ അടയ്ക്ക എത്തിയിരുന്നു. 68 ടൺ അടയ്ക്കയുടെ കുറവ് ഇത്തവണയുണ്ടായി. അടയ്ക്കയ്ക്ക് വില കുറഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങിയത് മുഹൂർത്തക്കച്ചവടത്തിലും പ്രതിഫലിച്ചതായി വ്യാപാരികൾ പറയുന്നു. രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡന്റ് ബഷീർ മണാട്ടിൽ, സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.
