എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി കോൺഗ്രസ്. അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരനാണെന്നും സിപിഐഎമ്മിലെ ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പെട്രോൾ പമ്പിൽ പങ്കുണ്ട്. എല്ലാവരും ചേർന്നുള്ള കൂട്ടുബിസിനസായിരുന്നു അത്. ഒരു പെട്രോൾ പമ്പിന്റെ വിഷയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിനാണ് ഇത്രയും വികാരം കൊള്ളുന്നതെന്ന് ഡിസിസി പ്രസിഡന്റ് ചോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താത്പര്യം പരിശോധിച്ചാൽ പിപി ദിവ്യയുടെ ഭർത്താവും പരാതിക്കാരനായ പ്രശാന്തിനും ഒരേപോലെയുള്ളവരാണെന്ന് കാണാൻ കഴിയുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. സർക്കാർ ജീവനക്കാരനായ പ്രശാന്തിന് എങ്ങനെയാണ് പമ്പ് കൊടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഒരുപാട് മറിമായങ്ങൾ നടക്കുന്നുണ്ടെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.