തൃപ്രയാർ: സംസ്ഥാന ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിയൊട്ടിച്ച് നൽകി ബൈക്കിൽ എത്തിയയാൾ ലോട്ടറി വിൽപ്പനക്കാരനിൽനിന്ന് 6000 രൂപ തട്ടിയെടുത്തു. തളിക്കുളം ചേർക്കര മുറ്റിച്ചൂരി വീട്ടിൽ പ്രിജുവിനെയാണ് കബളിപ്പിച്ചത്. നാട്ടിക കള്ളുഷാപ്പിനു സമീപത്തായിരുന്നു സംഭവം. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാൾ മൂന്ന് ലോട്ടറി ടിക്കറ്റുകൾ 2000 രൂപ വീതം സമ്മാനമുണ്ടെന്ന് പറഞ്ഞ് പ്രിജുവിനെ ഏൽപ്പിച്ചു.
ഈ മാസം 23-ന് നറുക്കെടുത്ത വിൻ-വിൻ ലോട്ടറി ടിക്കറ്റാണ് ഏൽപ്പിച്ചത്. ബുധനാഴ്ച നറുക്കെടുത്ത 50 രൂപ വിലയുള്ള 21 ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയും വന്ന ആൾ എടുത്തു. ടിക്കറ്റ് എടുത്ത് ബാക്കി മുഴുവൻ തുകയും തിരിച്ചു കൊടുക്കാൻ കൈവശമില്ലാതായതോടെ പ്രിജു സമീപത്തെ പരിചയക്കാരനായ ഷാപ്പ് മാനേജരിൽനിന്ന് കടം വാങ്ങിയാണ് പൈസ നൽകിയത്. ടിക്കറ്റുമായി പ്രിജു തൃപ്രയാറിലെ കടയിൽ പോയപ്പോൾ കടക്കാരൻ പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ലോട്ടറി ടിക്കറ്റിൽ അവസാന നാല് നമ്പർ സമ്മാനർഹമായ നമ്പറാക്കി വെട്ടി ഒട്ടിച്ചാണ് ബൈക്കിൽ എത്തിയയാൾ കബളിപ്പിച്ചത്. 6000 രൂപയ്ക്കുപുറമേ 21 ടിക്കറ്റിന്റെ വിലയായ 1050 രൂപയുമാണ് പ്രിജുവിന് നഷ്ടപ്പെട്ടത്. ആറ് വർഷമായി സൈക്കിളിൽ യാത്ര ചെയ്ത് ലോട്ടറി വിൽപ്പന നടത്തിവരുകയാണ് പ്രിജു.