കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. സര്‍ക്കാര്‍ നാലര വര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നു. ഇരയുടെ ഒപ്പം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ല. ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. സാംസ്‌കാരിക മന്ത്രിയുടേത് നിഷകളങ്കമായ സത്യപ്രസ്താവനയാണ്. പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.
ഊഹാപോഹങ്ങള്‍ക്ക് ഇടവരാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഊഹാപോഹങ്ങള്‍ക്ക് നാം അനുമതി നല്‍കിയാല്‍ ചിലപ്പോള്‍ നിരപരാധികളെക്കുറിച്ചും, ഇയാളും അതിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അതു സംഭവിക്കരുത്. അത് സര്‍ക്കാര്‍ വിചാരിച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണം. ഒന്നുപോലും മേശയ്ക്കുള്ളില്‍ ലോക്കിട്ട് സൂക്ഷിച്ചു വെക്കരുത്. എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ എന്നും ടി പത്മനാഭന്‍ പറഞ്ഞു.
ഇങ്ങനെ ചെയ്താല്‍ മാത്രമേ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്ന് സര്‍ക്കാരും മനസ്സിലാക്കണം. മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ക്കും മോശം, നമുക്കും മോശം, സാംസ്‌കാരിക കേരളത്തിന് ഒട്ടാകെയും മോശമാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഏറെ ദുഃഖിതനാണ്. ഇതിലൊന്നും ആനന്ദിക്കുന്നേയില്ല. സര്‍ക്കാരിന്റെ വിഷമത്തിലും ആനന്ദിക്കുന്നില്ല. നടന്മാരുടെ വിഷമത്തിലും ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നവരുടെ കാര്യത്തിലും ഞാന്‍ ദുഃഖിതനാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്, ഇതിന് ഒരറുതി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.