Friday, October 18, 2024
HomeBREAKING NEWSപുറത്തേക്ക്; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും
spot_img

പുറത്തേക്ക്; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും

കൊച്ചി: ലെെംഗികാതിക്രമ ആരോപണത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന് സർക്കാർ പ്രതിരോധം. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും സംസ്ഥാന ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുറ്റാരോപിതനായ ഒരാള്‍ നയരൂപീകരണ സമിതിയില്‍ തുടരുന്നത് ധാര്‍മികതയാണോ എന്ന ചോദ്യം സര്‍ക്കാരിന്റെ വിഷയത്തിലെ ഉദ്ദേശശുദ്ധിയെ സംശയത്തിലാക്കുന്നതാണ്.

സിനിമാനയവും കോണ്‍ക്ലേവുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ഏറ്റവും പ്രധാന നടപടിയായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതെന്നിരിക്കെ മുകേഷിന്റെ രാജി ആവശ്യം ഇടത് സാംസ്‌കാരിക നേതാക്കളും ഉയര്‍ത്തുന്നുണ്ട്. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുമ്പോഴും തല്‍ക്കാലം സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്താതെ മുകേഷ് സ്വയം ഒഴിയുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നീ എംഎല്‍എമാര്‍ ആരോപണവിധേയരായ ഘട്ടത്തില്‍ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടയ്ക്കാന്‍ ഇടതുമുന്നണിയില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

പാര്‍ട്ടിക്കു മുന്നില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി വന്നിട്ടില്ലെന്നായിരുന്നു സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രതികരിച്ചത്. ഏത് ആക്ഷേപം ആര്‍ക്കെതിരെ വന്നാലും അന്വേഷണം നടക്കും.പരാതികള്‍ അന്വേഷിക്കുന്നുണ്ട്. പുറത്തുവരട്ടെ. ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ടുവരും. അത് കേരളത്തിലെ സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments