ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നുവെങ്കില്‍ അത് പലര്‍ക്കും ഉപയോഗപ്പെട്ടേനെയെന്ന് നടിയും ഡബ്ലുസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. വിശദമായ പഠനങ്ങള്‍ ഡബ്ല്യുസിസി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പാര്‍വതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വൈകുന്നത് നീതി നിഷേധമാണ്. സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. പൊതുസമൂഹം ഇന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഡബ്ല്യുസിസി അത് ഏഴ് വര്‍ഷം മുമ്പ് ചോദിച്ച് തുടങ്ങി. ഇനി ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നമല്ല പൊതു സമൂഹത്തിന്റേത് കൂടിയായി മാറി. മിനിമം പക്വതയുള്ളിടത്തെ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ.നടപടിയില്ലാതെ ഡബ്ല്യുസിസി പിന്നോട്ടില്ലെന്നും പാര്‍വതി പറഞ്ഞു.
ഹേമ കമ്മിറ്റി അംഗമായ നടി ശാരദ പറഞ്ഞതില്‍ ഒരു സത്യവുമില്ലെന്ന് പാര്‍വതി പറഞ്ഞു. വസ്ത്രമല്ല പീഡനത്തിന് കാരണം. പീഡനത്തിന് കാരണം സ്ത്രീയെന്നത് മാത്രമാണെന്നും പാര്‍വതി പറഞ്ഞു.
അതിജീവിതകളെ പിന്തുണയ്ക്കാത്ത ഒരു കോണ്‍ക്ലേവിലും അര്‍ത്ഥമില്ല. എഎംഎംഎയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ് എന്നാല്‍ അത് കാലതാമസം വരുത്താന്‍ വേണ്ടിയാണെങ്കില്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളില്‍ നിന്നും ചോദ്യം ഉയരുമെന്നും പാര്‍വതി പറഞ്ഞു.
15 അംഗ സംഘത്തിലെ പേരുകള്‍ പുറത്തുവന്നാല്‍ മാത്രം മാറ്റം വരില്ല. സിനിമയില്‍ പുതിയ തലമുറയുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന മാറ്റം പലയിടത്തും വന്നിട്ടുണ്ട്. ഒരു ഇരയ്ക്കും ഇവിടെ പിന്നീട് പിന്തുണ കിട്ടിയിട്ടില്ല. എന്ത് വിശ്വാസത്തില്‍ വേട്ടക്കാരന്റെ പേരു പറയും. ഇരകള്‍ക്ക് പലര്‍ക്കും ഇപ്പോള്‍ ജോലിയില്ല. ആദ്യമാണ് ഇത്രയും ആഴത്തിലുള്ള ഒരു മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇനി സര്‍ക്കാര്‍ നടപടിയാണ് എടുക്കേണ്ടത്. ഇരകള്‍ ഭയക്കാത്തതുകൊണ്ടാണ് ഇതുവരെ എത്തിയതെന്നും പാര്‍വതി പറഞ്ഞു.