അനാമിക
അതിരെഴാ മുകിലേ നിൻ സജലമാം മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നോ…പരിചിതമൊരു മൗനം...
മനസ്സിൽ പ്രണയമുള്ള ഏതൊരാളും കണ്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചാരുലത എന്ന ആൽബം. ഇലത്തുമ്പിൽ പൊഴിയുന്ന ചെറിയ മഴത്തുള്ളിപോലെ ആർദ്രമായ പ്രണയസംഗീതം നിറഞ്ഞ ഒരു പാട്ട്. ഒരു സിംഫണിപോലെ ഞാനും നടന്നു ചാരുലതക്കൊപ്പം പ്രണയാർദ്രനായി…
എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് അന്നും ഇന്നും ചാരുലത. ഇപ്പോൾ ഇത്രക്കും വർഷങ്ങൾക്ക് ശേഷം ചാരുലതയുടെ പേരിൽ ആളുകൾ പൊതുയിടങ്ങളിൽ എന്നെ തിരിച്ചറിയുമ്പോൾ ഇപ്പോഴും അതിശയം. പാട്ടെഴുത്തുകാരനെ അറിയുന്നതിനെക്കാൾ.
നല്ല ഒരു മഴ ദിവസം. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ അമല ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ആളെ ഒന്ന് കണ്ടുകളയാം എന്ന ചിന്തയിൽ ഞാൻ അമലയിലേക്കു പോയി. രോഗിയെയും കൂട്ടിരുപ്പുകാരേം കണ്ടു വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു, ഇനി ഒരു ചായ ആവാം. ഞാൻ മെല്ലെ ഹോസ്പിറ്റലിന്റെ ക്യാന്റീനിലേക്കു നടന്നു. അത്യാവശ്യം നല്ല തിരക്കുണ്ട് അവിടെ. നല്ല കടുപ്പത്തിൽ ഒരു ചായ ഇങ്ങനെ മഴയുടെ താളത്തിൽ ഊതി ഊതി കുടിക്കുമ്പോ ഉണ്ട് മെല്ലെ എന്റെ ചുമലിൽ ആരോ തട്ടുന്നു .
നോക്കുമ്പോ എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരു മുഖം. വെറുതെ ഒരു ചിരി കൈമാറി. പെട്ടെന്ന് എന്റെ കണ്ണിലേക്കു നോക്കി അയാൾ ചോദിച്ചു അമൽ അല്ലെ?
പെട്ടെന്ന് ഞാൻ ഷോക് ആയി, അല്ല ഞാൻ ഹരിയാണ് എന്ന് പറഞ്ഞു മുഴുമിക്കും മുന്നേ അയാൾ പറഞ്ഞു, അതല്ല ചാരുലതയിലെ അമൽ.
പെട്ടെന്ന് എന്റെ മനസ്സ് കൽക്കട്ടയിലേക്കു പറന്നു. ചാരുലതയും ആ ഷൂട്ടിംഗ് ദിവസങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി ഓടുന്ന പാട്ടും ഒക്കെ ഓർമ്മയുടെ റീലിലേക്കു മടങ്ങി വന്നു ആ ഒറ്റ നിമിഷത്തിൽ. ചാരുലതയോടുള്ള ആളുകളുടെ പ്രണയം അന്ന് ആണ് എനിക്ക് ശരിക്കും മനസിലായത്…. സ്നേഹത്തോടെ കൈ തന്നു അയാൾ തിരക്കിലേക്ക് നടന്നു മറഞ്ഞു.
ആ ചൂട് ചായക്കൊപ്പം ഞാൻ പിന്നെയും 12വർഷങ്ങൾ പിന്നിലേക്ക് പോയി.
ചാരുലതയിലെ ഓഫർ വളരെ അപ്രതീക്ഷിതം ആയാണ് എന്നിലേക്ക് എത്തിയത്. കാരണം അതുവരെ യാതൊരു അഭിനയ പരിചയവും എനിക്കില്ലായിരുന്നു. എന്നിട്ടും അവർ എന്നോട് ചോദിച്ചു ഈ വേഷം ചെയ്യുമോ എന്ന്?
ആ ആൽബത്തിന്റെ ഷൂട്ടിംഗ് കൽക്കത്തയിൽ ആയിരുന്നു. സത്യം പറഞ്ഞാൽ ആ ലൊക്കേഷൻ ആയിരുന്നു ആ ഓഫറിലെ എന്റെ ആകർഷണം. രണ്ടു ദിവസം ഫുൾ ആയും കൽക്കത്തയിൽ ആയിരുന്നു ഞാനും ആ ആൽബത്തിലെ ക്രൂവും.
ബിജിബാലും ഞാനും പാർവ്വതി മേനോനും ആയിരുന്നു അതിലെ അഭിനേതാക്കൾ.
ഏറ്റവും അതിശയം വലിയ ടേക്ക് ഒന്നും ഇല്ലാതെ എനിക്ക് അതിൽ അഭിനയിക്കാൻ പറ്റി. സംവിധായക ശ്രുതി നമ്പൂതിരി പറഞ്ഞ പോലെ അങ്ങട് ഇങ്ങട് ഒക്കെ തിരിഞ്ഞും ചിരിച്ചും നടന്നും ഒക്കെ ആയിരുന്നു സത്യത്തിൽ ഞാൻ അതിൽ അഭിനയിക്കാൻ ശ്രമിച്ചത്. ആൽബം വർക് തീർന്നു കണ്ടപ്പോൾ എനിക്കും തോന്നി സംഭവം കുഴപ്പമില്ല എന്ന്.
ഇറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഒരുപാട് ആളുകളുടെ സോഷ്യൽ മീഡിയ സ്റാറ്റസ്സ് ആയി ഈ പാട്ട് ഇപ്പോഴും ഉണ്ട്. ഏറ്റോം രസം അത് കഴിഞ്ഞു ഇത്രേം കൊല്ലം ആയിട്ടും മറ്റൊരു അഭിനയ ചാൻസ് എന്നെ തേടി വന്നിട്ടില്ല .
എനിക്ക് കംഫേർട്ട് ആയ സാഹചര്യവും മൂഡും ഒക്കെ ആണെങ്കിൽ ചെറിയ വേഷം ഒക്കെ ചെയ്യാൻ ഉള്ള ഇഷ്ട്ട് ഇപ്പോഴും ഉള്ളിലുണ്ട്.
കുറച്ചു മുന്നേ മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി ഒരു കിടിലൻ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അവിടെയുള്ള എല്ലാരും നമ്മുടെ കൂട്ടുകാരാണ്. അപ്പോൾ അവർ പറഞ്ഞപ്പോ ഞാൻ മറുത്തൊന്നും ആലോചിച്ചില്ല.
തൊപ്പിയും കാലൻകുടയും കൂളിംഗ് ഗ്ലാസും സ്റ്റൈലൻ വേഷങ്ങളുമൊക്കെയായി അങ്ങട് മിന്നി. ഇതൊക്കെ കഴിഞ്ഞു മാസിക പുറത്തിറങ്ങിയപ്പോ കുറെ ആൾക്കാർ പറഞ്ഞു നിങ്ങക്ക് ഇയ്‌ന്റെ വല്ല കാര്യോമുണ്ടോ ഇഷ്ട്ടാ,
ഹെയ് ഇതിപ്പോ നമ്മൾ എന്തുട്ട് ചെയ്താലും ഉണ്ടാവും രണ്ടു പക്ഷം. ഞാൻ ഇതിനെയും അങ്ങനെ തന്നെ കാണുന്നു
ചാരുലതയും അന്നത്തെ അനുഭവങ്ങളും എനിക്കിന്നും പ്രിയതരമാണ്. അതെ ഹരിനാരായണൻ മലയാളിയോട് പാട്ടെഴുതി കൂട്ടുകൂടി നടന്നിട്ടു എത്രയോ വർഷങ്ങൾ കഴിഞ്ഞു. ഒരു നാട്ടിൻപുറംകാരന്റെ ഭാവവും ലാളിത്യവും തൃശൂർ ഈണത്തിൽ പറയുമ്പോൾ ഒരു നല്ല മെലഡി ഒഴുകിവരും പോലെ തോന്നും ….
-അനാമിക