നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസിൽ ഹൈക്കോടതി സ്റ്റേ. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികൾക്കാണ് സ്റ്റേ. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.
എന്നാൽ വാർത്തകൾക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും നടി പങ്കുവച്ചിരുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല, എന്നായിരുന്നു ആശാ ശരത്ത് പ്രതികരിച്ചത്.