Sunday, March 29, 2026
HomeThrissur Newsപ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരും പാലക്കാട്ടും റോഡ് ഷോ, രാഹുൽ നാളെ എത്തും
spot_img

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരും പാലക്കാട്ടും റോഡ് ഷോ, രാഹുൽ നാളെ എത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാൾ മാത്രം ശേഷിക്കേ എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.കോയമ്പത്തൂരിൽ നിന്നും ഹെലിക്കോപ്റ്റർ മാർഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് തൃശൂരിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുൻവശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. സ്വരാജ് റൗണ്ട് വലം വെച്ച് ബിനി ഹെറിറ്റേജിന് മുൻവശം റോഡ് ഷോ സമാപിക്കും. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

നാലുമണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം ജില്ലാ ആശുപത്രി മുൻവശം എത്തിച്ചേരും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ട്രയൽ ടൺ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂരിൽ പൂർത്തിയായി. പത്മജാ വേണുഗോപാൽ അടക്കം ജില്ലയിലുള്ള എല്ലാ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും.

ഏപ്രിലിൽ പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തുന്നുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയാണ് പാലായിൽ നടക്കുക. അന്ന് തിരുവനന്തപുരത്ത് റോഡ്ഷോയും നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ 31ന് തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. മോദിക്കും അമിത്ഷായ്ക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, രാജ്‌നാഥ് സിങ്, എസ് ജയ്‌ശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും കേരളത്തിലെത്തുന്നുണ്ട്.

കോൺഗ്രസിൻ്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫിനായി പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് മാർച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിൻ്റെ കേരള സന്ദർശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് ബീച്ചിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായിരുന്നു രാഹുൽ എത്തേണ്ടിയിരുന്നത്. രാഹുലിന് വരാൻ കഴിയാത്തത് കൊണ്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലിയിൽ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments