തൃശൂർ: വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കൾ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂർ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കാണാതായ സ്കൂട്ടർ തിരിച്ചുകിട്ടിയില്ലെന്ന് മാത്രമല്ല 17,000 രൂപയാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. പല തവണയായാണ് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് സുനിതയെ തേടിയെത്തിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും തന്റെ സ്‌കൂട്ടർ മോഷണം പോയത് കാണിച്ച് സുനിത വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. പല തവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും വാഹനം കൊണ്ടുപോയത് കുട്ടികളായതിനാൽ കേസെടുക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. മണിക്കൂറുകൾ കാത്തുനിന്നിട്ടാണ് സിഐയെ നേരിട്ട് കാണാൻ കഴിഞ്ഞതെന്നും സുനിത പറഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടർ വച്ച് തിടുക്കത്തിൽ ട്രെയിൻ കയറാൻ പോയപ്പോൾ താക്കോൽ എടുക്കാൻ സുനിത മറന്നു. യാത്ര കഴിഞ്ഞ് തിരിച്ച് വന്ന് വീട്ടിലേക്ക് പോകാൻ നോക്കുമ്പോൾ വണ്ടി അവിടെ ഇല്ല. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പരിസരത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ പകർത്തിയ ഫോട്ടോ കണ്ടപ്പോളാണ് വണ്ടി മോഷ്ടിക്കപ്പെട്ട വിവരം സുനിത അറിയുന്നത്. മൂന്ന് യുവാക്കൾ ചേർന്ന് വണ്ടി എടുത്തുകൊണ്ട് പോകുന്നതിന്റെ ദൃശ്യമായിരുന്നു ചുമട്ടുതൊഴിലാളികൾ പകർത്തിയത്.വണ്ടി നമ്പർ ഉൾപ്പെടെ കാണാവുന്ന തരത്തിലായിരുന്നു ചിത്രമുണ്ടായിരുന്നത്. എന്നാൽ ഇത് കണ്ട പൊലീസ് മോഷണം നടത്തിയത് കുട്ടികളാണെന്നും കേസെടുക്കാനാവില്ലെന്നും പറയുകയായിരുന്നു. എന്നാൽ കാര്യങ്ങൾ പൊലീസിൽ അറിയിച്ചിട്ടും മോഷ്ടാക്കൾ നടത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തപ്പെടുന്നത് സുനിതയ്ക്ക് തന്നെയാണ്. ഏറ്റവും ഒടുവിലായി ഫെബ്രുവരി ഒൻപതിന് രാത്രി വലപ്പാട്ട് നിന്നുമുള്ള ദൃശ്യം സഹിതമാണ് സുനിതയ്ക്ക് പിഴ നോട്ടീസ് വന്നത്. രണ്ട് യുവാക്കളും ഒരു യുവതിയും ഹെൽമെറ്റ് ധരിക്കാതെ വാഹനത്തിൽ പോകുന്നതാണ് ദൃശ്യം. എന്തെങ്കിലും കുറ്റതൃത്യത്തിന് ഇവർ ഈ വാഹനം ഉപയോഗിക്കുമോ എന്ന ആശങ്കയും സുനിതയ്ക്കുണ്ട്. സ്വകാര്യ കമ്പനിയിൽ ശുചീകരണ തൊഴിലാളിയായ ഇവർ ഏറെ ബുദ്ധിമുട്ടിയായിരുന്നു വാഹനം വാങ്ങിയത്. പലിശയടക്കം 1,87,000 രൂപയ്ക്കാണ് വണ്ടി വാങ്ങിയത്. ഇതിൻ്റെ അടവുകൾ പോലും അടച്ച് തീർത്തില്ല.


