Tuesday, February 24, 2026
HomeThrissur Newsഇന്ന് ഉത്രാളിക്കാവ് പൂരം
spot_img

ഇന്ന് ഉത്രാളിക്കാവ് പൂരം

വടക്കാഞ്ചേരി : മധ്യകേരളത്തിലെ പ്രസിദ്ധ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്‌ച ആഘോഷിക്കും. കുടമാറ്റവും വെടിക്കെട്ടും വാദ്യ കുലപതികൾ പ്രാമാണിത്വം വഹിക്കുന്ന പഞ്ചവാദ്യവും മേളപ്പെരുമയും തലയെടുപ്പുള്ള ഗജവീരൻമാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും പൂരത്തിന് അഴകേകും. എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശങ്ങൾ സൗഹൃദ മത്സരത്തോടെ അണിയിച്ചൊരുക്കുന്ന ഉത്രാളിക്കാവ് പൂരത്തിന് എത്തുന്ന ജനസാഗരത്തെ വരവേൽക്കാൻ നാടൊരുങ്ങി. മൂന്ന് ദേശങ്ങളും 11 വീതം ആനകളെ എഴുന്നള്ളിപ്പിൽ അണിനിരത്തും. തട്ടകദേശമായ എങ്കക്കാട് ഉത്രാളിക്കാവിൽ പകൽ 11ന് നാഗസ്വരത്തോടുകൂടി പൂരത്തിന് തുടക്കമാകും. പകൽ 11.30മുതൽ പകൽ 1.45വരെ കുനിശേരി അനിയൻമാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. പകൽ 2.30ന് ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ്. നാലിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, തുടർന്ന് കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. എങ്കക്കാട് ദേശത്തിനായി തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.

കുമരനെല്ലൂർ ദേശം ഗജഘോഷയാത്രയോടെ ഉത്രാളിക്കാവിലെത്തി തുടർന്ന് പകൽ രണ്ടിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രാമാണിത്വത്തിൽ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഭഗവതിപ്പൂരം, കുടമാറ്റം. കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. 25ന് പുലർച്ചെ 4.30ന് വെടിക്കെട്ട്. പൂരം എഴുന്നള്ളിപ്പിന് പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. വെള്ളിതിരുത്തി ഉണ്ണി നായർ മേള പ്രമാണിയാകും. വടക്കാഞ്ചേരി ദേശം പകൽ 12ന് കരുമരക്കാട് ശിവവിഷ്ണു ക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിച്ച് പൂരം തുടങ്ങും. തുടർന്ന് തൃശൂർ- – ഷൊർണൂർ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന എഴുന്നള്ളിപ്പിന് രണ്ട് സായുധ പൊലീസ് ഓഫീസർമാർ അകമ്പടിയേകും. ഗജവീരൻ ഊക്കൻസ് കുഞ്ചു തിടമ്പേറ്റും. പകൽ നാലിന് എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലെത്തും. തുടർന്ന് ഭഗവതിപ്പൂരം, മേളത്തിന് ശേഷം 4.30ന് വെടിക്കെട്ട് നടക്കും. തുടർന്ന് കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രൻ മാരാർ നേതൃത്വം നൽകും. മേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണിയാകും. വർണാഭമായി ചമയ പ്രദർശനങ്ങൾ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് പൂരപങ്കാളികളായ ദേശങ്ങളുടെ ചമയ പ്രദർശനങ്ങളും ബഹുനില കാഴ്ചപ്പന്തലുകളും ആസ്വാദക മനം കീഴടക്കി. ഉത്രാളിക്കാവ് പൂരം പങ്കാളികളായ എങ്കക്കാട് കുമരനല്ലൂർ ദേശങ്ങൾ ഉത്രാളിക്കാവ് ക്ഷേത്രത്തിന് ഇരുവശവും വടക്കാഞ്ചേരി ദേശം സംസ്ഥാനപാതയോരത്ത് വടക്കാഞ്ചേരിപ്പുഴ പാലത്തിന് സമീപത്തുമാണ് കാഴ്-ചപ്പന്തലുകളൊരുക്കിയത്. എങ്കക്കാട് ദേശത്തിന്റെ ആനച്ചമയ പ്രദർശനം ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തും കുമരനെല്ലൂർ ദേശത്തിൻ്റെ ആനച്ചമയ പ്രദർശനം കുമരനെല്ലൂർ എൻഎസ്എസ് മൈതാനത്തും വടക്കാഞ്ചേരി ദേശത്തിന്റെ ചമയപ്രദർശനം വടക്കാഞ്ചേരി കരുമരക്കാട് ക്ഷേത്രത്തിനു സമീപത്തുമാണ് ഒരുക്കിയിട്ടുള്ളത്. ഉത്രാളിക്കാവ് പൂരത്തടനുബന്ധിച്ചുള്ള അഖിലേന്ത്യ എക്‌സിബിഷനും ഓട്ടുപാറയിൽ നടക്കുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments