ഇരിങ്ങാലക്കുട :കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിൽനിന്ന് മൂന്ന് പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വൈറ്റില–കോഴിക്കോട്, ഇരിങ്ങാലക്കുട- – ഗുരുവായൂർ, ഇരിങ്ങാലക്കുട- – വെള്ളാനിക്കോട് സർവീസുകളാണ് ആരംഭിക്കുന്നത്. ഓപ്പറേറ്റിങ് സെൻ്ററിൽ ബസ് ബേ കം ഓഡിറ്റോറിയം നിർമാണവും ഡ്രൈവിങ് സ്കൂളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെന്ററിൽ കുറവുള്ള 12 ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തും. ഇരിങ്ങാലക്കുടയ്ക്ക് ഒരു ബജറ്റ് ടൂറിസം ബസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. നവകേരള സദസ്സിൽ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് ബസ് ബേയും ഓഡിറ്റോറിയവും നിർമിക്കുന്നത്. നിർമാണം പൂർത്തീകരിച്ചാൽ നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് മികച്ച സേവനം ലഭ്യമാകുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.ഡ്രൈവിങ് സ്കൂകൂളിൽ ഇരുചക്ര വാഹനവും ലൈറ്റ് ഹെവിമോട്ടോർ വാഹനങ്ങളുടെയും ഡ്രൈവിങ് പരിശീലനത്തിന് സൗകര്യമുണ്ട്. കെഎസ്ആർടിസി എടിഒ കെ ജെ സുനിൽ, ഇഡിഒ ജി പി പ്രദീപ് കുമാർ, എസ്ടിസി പ്രിൻസിപ്പൽ ആർ എസ് സലിം കുമാർ, കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, ജയൻ അരിമ്പ്ര എന്നിവർ സംസാരിച്ചു.


