കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായപി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിൽ വെച്ച് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പെരുമാൾപുരത്തെ ഉഷസ് വീട്ടിൽവെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസൻ മുൻ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസൻ. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.


