വടക്കാഞ്ചേരി:വാഴാനി ഡാം പരിസരത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വിദഗ്‌ധ ചികിത്സ തുടങ്ങി. ഡാമിലെ ജലാശയത്തിന്റെ മറുവശത്തെ വനമേഖലയിലാണ് മുൻകാലിന് പരിക്കേറ്റ് വ്രണമായ നിലയിൽ കാട്ടാനയെ കണ്ടത്. വനംവകുപ്പിൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം കാട്ടാനയെ മയക്കുവെടിവച്ച് കണ്ണ് മൂടിയാണ് ചികിത്സ നൽകിയത്. ഒന്നിലേറെ മുറിവുകളുള്ള നിലയിലാണ് 25 വയസ്സോളം പ്രായമുള്ള കാട്ടുകൊമ്പനെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിനിടെ കാലിൽ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് ആഴത്തിൽ പരിക്കേൽക്കാൻ ഇടയായതെന്ന് സംഘം അറിയിച്ചു. മുറിവുകൾക്ക് ഏഴുദിവസത്തോളം പഴക്കമുണ്ട്. കുറച്ചു ദിവസത്തിനകം ആന പൂർണമായും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ രഞ്ജിത്ത് അറിയിച്ചു. ബുധനാഴ്‌ച രാവിലെ ഡാം പരിസരത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി സർജൻമാരും ഉൾപ്പെടെയുള്ള വിദഗ്‌ധസംഘം കുട്ടവഞ്ചിയിലാണ് ഡാമിൻ്റെ മറുവശത്തെ വനപ്രദേശത്ത് എത്തിയത്. ആനയെ മയക്കുവെടിവച്ച് മുറിവേറ്റ കാലിൽ മരുന്ന് വച്ചു. തുടർ പരിചരണം ഉറപ്പാക്കി വിദഗ്‌ധ സംഘം ക്യാമ്പ് ചെയ്ത‌് കാട്ടാനയെ നിരീക്ഷിച്ചുവരികയാണ്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ഡോ. ബിനോയ് സി ബാബു, ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നൽകിയത്.


