Wednesday, February 11, 2026
HomeBREAKING NEWS64-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി
spot_img

64-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി

സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി ഇന്ന് രാവിലെ 9 മണി മുതൽ വിവിധ വിഭാഗങ്ങളുടെ യോഗങ്ങൾ ചേരുകയുണ്ടായി.

പ്രധാന അധ്യാപകർ, പ്രിൻസിപ്പൽമാർ, സ്കൂൾ മാനേജ്‌മെന്റ്/പി.ടി.എ പ്രതിനിധികൾ, 19 സബ് കമ്മിറ്റി കൺവീനർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹോട്ടൽ & റസ്റ്റോറൻ്റ് ഉടമകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. കലോത്സവത്തിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗങ്ങളിൽ ഉറപ്പുനൽകിയിട്ടുണ്ട്.

കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ബോർഡുകൾ സ്ഥാപിക്കും. ഉത്സവപ്രതീതി ഉണർത്തുന്ന രീതിയിലുള്ള ക്രമീകരണങ്ങളാകും ജില്ലയിൽ ഉടനീളം ഉണ്ടാവുക. മറ്റ് ജില്ലകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കും. താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സ്കൂളുകളിലെ പി.ടി.എ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ കുട്ടികൾക്ക് നല്ല രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം.

കലോത്സവത്തിന് മുന്നോടിയായി ജനുവരി 9-ന് ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ആറായിരം കുട്ടികൾ അണിചേരുന്ന ‘ലഹരി വിരുദ്ധ, പ്രതിരോധ ചങ്ങല’ തീർക്കും. ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഇതിൽ പങ്കുചേർന്ന് പ്രതിജ്ഞയെടുക്കും.

ജനുവരി 13-ന് വൈകുന്നേരം 3.30-ന് കലോത്സവ സ്വർണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകും. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങി 1000-ത്തോളം സന്നദ്ധ സേനാംഗങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.

രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഇലഞ്ഞിത്തറ മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വ വർണ്ണാഭമായ കുടമാറ്റവും നടക്കും.

രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ സ്വാഗതം ആശംസിക്കും. മന്ത്രി ഡോ. ആർ ബിന്ദു, കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്‌ഗോപി, മറ്റ് മന്ത്രിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ കളക്ടർ, സിറ്റി പോലിസ് കമ്മീഷണർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ചടങ്ങിൽ ‘ഉത്തരവാദിത്വ കലോത്സവം’ സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ് നൽകും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറും. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ‘ഹരിത കലോത്സവം’ ആയിരിക്കും ഇത്തവണത്തേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments