തൃശൂർ: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചക വാതകം അടുക്കളയിലേക്കെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദ്രുതഗതിയിൽ മുന്നേറുന്നു. കുന്നംകുളം നഗരസഭയിലെ 4000 വീടുകളിലും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ 100 വീടുകളിലും സിറ്റി ഗ്യാസ് യാഥാർത്ഥ്യമായി. കുന്നംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളിലും ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. കുന്നംകുളം മണ്ഡലത്തിൽ നിന്നും നാലായിരത്തിമുന്നൂറോളം അപേക്ഷകളാണ്
സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും സിറ്റി ഗ്യാസ് എത്തിക്കുന്നതിനായി ബാക്കിയുള്ള വീടുകളിൽ കണക്ഷനുവേണ്ടിയുള്ള നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
അപകടരഹിതം സിറ്റി ഗ്യാസ്
അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ്ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തിക്കുന്നതുമായ പദ്ധതിയാണ് സിറ്റി ഗ്യാസ് പദ്ധതി. ജില്ലയിൽ ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചത് കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലാണ്.പദ്ധതിലൂടെ ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് പൈപ്പ് ലൈൻ വഴി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് വീടുകളിലെത്തും. പൈപ്പ് വഴി കുടിവെള്ളം വീടുകളിലെത്തുന്നതുപോലെ പാചകവാതകവും ഓരോ അടുക്കളയിലുമെത്തും.
ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പരിസ്ഥിതി സൗഹൃദ പദ്ധതിയായ സിറ്റി ഗ്യാസ് ജില്ലയിൽ നടപ്പാക്കുന്നത്. കണക്ഷൻ ലഭ്യമാകുന്നതിന് ഗുണഭോക്താക്കൾക്ക് ഡെപ്പോസിറ്റ് തുക തവണകളായി അടയ്ക്കുന്ന സ്കീമുൾപ്പെടെ നാല് സ്കീമുകൾ പദ്ധതിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഇന്ധന ചെലവ് 20 ശതമാനം കുറക്കാനാകും. സിലിണ്ടർ ഗ്യാസ് വീട്ടിലെത്തിക്കുന്നതിന് വേണ്ടിവരുന്ന ഗതാഗതച്ചെലവും ലാഭിക്കാം.


