തൃശൂർ: ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിൻ്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് എം നേതാവ് ആർ എച്ച് അബ്‌ദുൽ സലീം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.
15-ാം വാർഡിലെ അബ്‌ദുൾ റഷീദ് കുന്നിക്കൽ, 23-ാം വാർഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. സത്യപ്രതിജ്ഞാ നിയമത്തിൽ നിർദേശിച്ചിട്ടുള്ളമാതൃകയിൽ നിർദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോൾ കൗൺസിലർമാർ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നോ, ഈശ്വര നാമത്തിൽ അല്ലെങ്കിൽ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നോ ആണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത് ഇരുവരും ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. അള്ളാഹുവിൻ്റെ പേരിലാണ് രണ്ടാളും സത്യപ്രതിജ്ഞ ചെയ്‌തത്. പരാതി തീർപ്പാക്കുന്നത് വരെ ഇരുവരെയും കൗൺസിൽ യോഗങ്ങളിൽനിന്ന് മാറ്റി നിർത്താൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.


