തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ് 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര താരം മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വരാനിരിക്കുന്ന ജനുവരി 14 മുതൽ 18 വരെ തൃശൂർ ജില്ലയെ കലാസാന്ദ്രമാക്കിയാണ് ഇത്തവണത്തെ സംസ്ഥാന കലോത്സവം അരങ്ങേറുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച, (ഡിസംബർ 20) തൃശൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അന്നേ ദിവസം രാവിലെ 11 മണിക്ക് ചരിത്രപ്രസിദ്ധമായ തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്റെ കാൽനാട്ടൽ കർമ്മം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം ചെയ്യും.
ഡിസംബർ 20-ന് തേക്കിൻകാട് മൈതാനത്ത് പന്തൽ കാൽനാട്ടൽ കർമ്മം നടക്കും.
കലോത്സവ ലോഗോ പ്രകാശനവും പ്രോഗ്രാം ഷെഡ്യൂൾ പ്രഖ്യാപനവും ശനിയാഴ്‌ച നടക്കും.
ആകെ 239 ഇനങ്ങളിലായിട്ടാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറിയിൽ 105 ഇനങ്ങളും ഉണ്ടാകും.
സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിൽ 19 വീതം ഇനങ്ങളുണ്ട്.


