തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളില്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.
വോട്ടെടുപ്പ് തുടങ്ങി ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം പത്തനംതിട്ട ജില്ലയിലുമാണ്. 36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.


