ബലാത്സംഗക്കേസിൽ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കാസർഗോഡെത്തിയെന്ന് സൂചന. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്‌ദുർദ് കോടതിയിൽ വൻ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുൽ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസിൽ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവർത്തിക്കുന്നതും സംശയങ്ങൾ ബലപ്പെടുത്തുകയാണ്.രാഹുൽ കാസർഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്പെൻസായി നിലനിൽക്കുന്നത്. കാസർഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി തുടങ്ങിയവർ കോടതി പരിസരത്ത് എത്തിച്ചേർന്നിട്ടുണ്ട്.പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും എത്തിച്ചേരുന്നുമുണ്ട്.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽസ് സെഷൻസ് കോടതി ഇന്ന് തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിന് സാധ്യതയേറുന്നത്.എട്ടുദിവസമായി എംഎൽഎ ഒളിവിലാണ്. ഇനിയും ഒളിവിൽ തുടരുന്നത് തുടർന്ന് നൽകുന്ന ജാമ്യ ഹർജിയുടെ വിധിയേയും കേസിനെ ആകെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് രാഹുലിന് നിയമോപദേശം ഉൾപ്പെടെ ലഭിച്ചെന്ന് സൂചനയുണ്ട്. അതിനാൽ രാഹുൽ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്ന് മുൻപുതന്നെ അഭ്യൂഹമുണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം വേണ്ടത്.ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത‌് ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


