മാള :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത‌് 2.59 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം വരാപ്പുഴ പറയചങ്ങലത്ത് വീട്ടിൽ സന്ദീപ് (43) ആണ് മാള പൊലീസിന്റെ പിടിയിലായത്. 2022 ജൂൺ 10 മുതൽ 2024 ഒക്ടോബർ 7 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മേലഡൂർ സ്വദേശി വിബിൻ (40) എന്നയാളിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. മഞ്ഞുമ്മലിൽ വച്ചാണ് സന്ദീപിനെ പിടികൂടിയത്. ഇടുക്കി, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രണ്ട് തട്ടിപ്പുകേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. മാള എസ്എച്ച്‌ഒ സജിൻ ശശി, എസ്ഐമാരായ പി എം റഷീദ്, ഒ പി അനിൽകുമാർ, സിപിഒമാരായ നവീൻ, ഡേവിസ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.


