തൃശ്ശൂർ : വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലുള്ള മണ്ണുത്തി പന്നി ഫാമിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് 490 പന്നികളെ കൊന്നൊടുക്കി. വെറ്ററിനറി കോളേജിലെ സെന്റർ ഫോർ പിഗ് പ്രൊഡക്ഷൻ ആൻഡ് റിസർച്ചിലാണ് രോഗബാധയുണ്ടായത്. തുടർന്ന് ഫാമിലുണ്ടായിരുന്ന 98 പന്നികളെയും 392 പന്നിക്കുഞ്ഞുങ്ങളെയും കൊന്ന് അണുനശീകരണം നടത്തി. മൃഗസംരക്ഷണവകുപ്പിനു കീഴിലെ റാപ്പിഡ് റെസ്പോൺസ് ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന്* ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് പരിശോധന കർശനമാക്കി. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി മണ്ണുത്തി ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതപ്രദേശമായും 10 കിലോമീറ്റർ രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നത്, വിൽപ്പനകേന്ദ്രങ്ങളുടെ പ്രവർത്തനം, പന്നികളെ മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നത് എന്നിവ നിയന്ത്രിക്കും.പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്രകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം, അസിസ്റ്റന്റ്റ് പ്രോജക്ട് ഓഫീസർ ഡോ. മഞ്ജു, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. അജയ്, ഡോ. അനീഷ് രാജ്, ഡോ അനൂപ്, ഡോ. സിബി, വെറ്ററിനറി സർജന്മാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡന്റ് എന്നിവരടക്കം 15 പേരാണ് ആർആർടി ടീമിലുള്ളത്.


