Wednesday, November 19, 2025
HomeBREAKING NEWSക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം മുറിച്ചു മാറ്റി; ഡോക്ടറുടെ പിഴവെന്ന് പരാതി
spot_img

ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം മുറിച്ചു മാറ്റി; ഡോക്ടറുടെ പിഴവെന്ന് പരാതി

തൃശൂർ: ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം ഡോക്ടറുടെ പിഴവ് മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തെറ്റായ റിപ്പോർട്ട് നൽകിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സർജൻ ഡോ ജോജോ വി ജോസഫിനെതിരെയും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരൻ. എന്നാൽ പാത്തോളജിസ്റ്റിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർജറി നടത്തിയെന്നാണ് ഡോക്ടറുടെ പ്രതികരണം.

2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടത്തിലെ വേദനയെ തുടർന്നാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജാ പ്രഭാകരന്‍ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പ്രാഥമിക പരിശോധനയില്‍ സ്ഥാനാർബുദമാകാമെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചതോടെ സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു, ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ശാന്തി ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചു. ഉറപ്പുവരുത്താൻ കൂടുതൽ സൗകര്യമുള്ള ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ചാണ് കുടുംബം കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുന്നത്. ഫെബ്രുവരി 17ന് ആണ് ഓങ്കോളജി സര്‍ജന്‍ ഡോ ജോജോ വി ജോസഫ് ശസ്ത്രക്രിയ നടത്തി ഷീജയുടെ മാറിടം നീക്കം ചെയ്യുന്നത്. എന്നാൽ ജീവ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധന നടത്തിയിരുന്നു, ഇതിൽ ഫലം നെഗറ്റീവ് ആയിട്ടും അത് പരിശോധിക്കാതെയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും ഷീജ പറയുന്നു.

അതേസമയം, ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു. എന്നാൽ ജീവ സ്പെഷ്യാലിറ്റി ലബോറട്ടറി അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

കുടുംബത്തിന്റെ പരാതിയിൽ 2024 സെപ്റ്റംബറിൽ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. നിലവിൽ എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments