Wednesday, February 11, 2026
HomeThrissur Newsപുതുക്കാട് ആനകളിറങ്ങി, 200ഓളം വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു
spot_img

പുതുക്കാട് ആനകളിറങ്ങി, 200ഓളം വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു

തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. നാല് ആനകളാണ് പറമ്പുകളിൽ എത്തിയത്. കൊട്ടിശ്ശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബർ മരങ്ങളും ആനകൾ നശിപ്പിച്ചു. വലിയ നഷ്‌ടമാണ് കർഷകന് സംഭവിച്ചത്. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാൽ മാണി, കൈതിക്കൽ തോമസ്, നീണ്ടുതലിക്കൽ ജസ്റ്റിൽ എന്നിവരുടെ പറമ്പുകളിലും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. പറമ്പുകളുടെ വേലിയും ആനകൾ തകർത്ത നിലയിലാണ്. ആനകൾ കൃഷി നശിപ്പിക്കുന്നത് കണ്ട കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.

ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പിൽ നാലാം തവണയാണ് ആനകൾ എത്തുന്നത്. മുൻപ് കൃഷി നശിപ്പിച്ചതിന്റെ നഷ്‌ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കർഷകൻ പറയുന്നു. ഓരോ വർഷവും ചെയ്യുന്ന വാഴകൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്താണ് ആനകളെത്തി നശിപ്പിക്കുന്നത്. നാലു വർഷത്തിനിടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്ക് സംഭവിച്ചത്. പ്രദേശത്തുള്ളവരുടെ ഉപജീവനമായ കൃഷി ആനകളിറങ്ങി തുടർച്ചയായി നശിപ്പിച്ചിട്ടും അർഹമായ നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.ആനശല്യത്താൽ പൊറുതിമുട്ടിയ നാട്ടുകാർ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കാർഷിക മേഖലയായ ഈ പ്രദേശത്തേക്ക് കാട്ടാനകൾ എത്താതിരിക്കാൻ വനംവകുപ്പ് ഇടപെടണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ട‌പരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവിശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments