തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് ലഭിക്കാതെ ജീവൻ നഷ്ടമായ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം റെയിൽവെ ഡിവിഷൻ. യാത്രക്കാരൻ അബോധാവസ്ഥയിൽ ആണെന്ന് ഡിവിഷണൽ കൺട്രോൾ ഓഫീസിലേക്ക് വിവരം ലഭിച്ചു. ഉടൻതന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ആംബുലൻസ് ക്രമീകരിച്ചു. രാത്രി സമയം ആയതിനാൽ സ്റ്റേഷൻ മാസ്റ്റർ ആംബുലൻസിനെ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് എത്താൻ വൈകിയെന്നുമാണ് റെയിൽവേയുടെ
മുംബൈ-എറണാകുളം ഓഖ എക്സ്പ്രസിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമെന്ന് റെയിൽവേ പ്രതികരിച്ചു. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താൻ റെയിൽവേ ഉദ്യോഗസ്ഥർ ഏകോപനത്തോടെ പ്രവർത്തിച്ചുവെങ്കിലും രാത്രി സമയമായതിനാൽ ആംബുലൻസ് എത്തിക്കാൻ വൈകിയെന്നാണ് റെയിൽവേ പറയുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് ട്രെയിൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. അവിടെ ആംബുലൻസ് ഉൾപ്പെടെ ക്രമീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചില യാത്രക്കാർ ചെയിൻ വലിച്ചതോടെ ട്രെയിൻ നിർത്തുകയും നടപടികൾക്ക് കൂടുതൽ കാലതാമസം വരികയും ചെയ്തുവെന്നാണ് റെയിൽവേ പറയുന്നത്. തൃശ്ശൂരിൽ ആംബുലൻസ് ക്രമീകരിച്ച വിവരം യാത്രക്കാരെ അറിയിച്ചെങ്കിലും ചില യാത്രക്കാരുടെ ഇടപെടൽ മുളങ്കുന്നത്തുകാവിൽ ട്രെയിൻ 25 മിനിറ്റോളം വൈകിയെന്നും റെയിൽവേയുടെ പ്രതികരണത്തിലുണ്ട്.
ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. മുംബൈ -എറണാകുളം ഓഖ എക്‌സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ടയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. ട്രെയിൻ ഷോർണൂർ പിന്നിട്ടതോടെയാണ് യുവാവ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ടിടിഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിൻ നിർത്തിച്ചത്.



