സുരേന്ദ്രനെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾ സജീവമാണ്. ഇക്കാര്യത്തിൽ തനിക്കുള്ള താൽപര്യം സുരേന്ദ്രനും പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തൃശൂരിൽ മത്സരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരിൽ സുരേന്ദ്രന് സാധ്യത കൂട്ടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാൻ ബിജെപിയിൽ മുന്നൊരുക്കം. മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ എവിടെ മത്സരിക്കും എന്നതാണ് ചർച്ച.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചർച്ച. 22ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോർച്ച ഭാരവാഹികളുടേയും യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഇതോടു കൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൂടുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.



