തൃശൂർ: കലക്ടറേറ്റിൽ റവന്യൂ ഡിപ്പാർട്ട്മെന്റിൽ റീ-സർവേ ഓഫീസർ തസ്‌തികയിൽ താൽകാലിക ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിലെ പ്രതി പിടിയിലായി. ചേലക്കര തൊണ്ണൂർക്കര വടക്കേതിൽ വീട്ടിൽ അജിത്ത് (46) നെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് വരവൂർ സദേശിനിയിൽ നിന്നും ഇയാൾ 40,000 രൂപ വാങ്ങിയന്നാണ് പരാതി. 2023 ആഗസ്തിലാണ് സംഭവം. എംപ്ലോയ്മെന്റിലേക്ക് ജോലി സംബന്ധമായ അന്വേഷണത്തിന് പോയ വരവൂർ സ്വദേശിനിയെ അജിത്ത് പരിചയപെട്ടു. കലക്ടറേറ്റിൽ ആളുകളെ നിയമിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വിളിക്കാനുമായി നമ്പർ നൽകി. തുടർന്ന് വീട്ടുകാരുമായി സംസാരിച്ച് സ്വർണം പണയംവച്ച് കിട്ടിയ പണവുമായി ഓഫീസിലെത്തിയ യുവതി പ്രതിക്ക് 35,000 രൂപ നൽകി. പിന്നീട് 5000 രൂപകൂടി ആവശ്യപ്പെട്ടപ്പോൾ വടക്കാഞ്ചേരിയിൽവച്ച് കൈമാറി. നവംബർ ഒന്നിന് ജോലി ശരിയാകുമെന്ന് പറഞ്ഞുപോയ അജിത്തിനെ ജോലി ശരിയാകാതെ വന്നപ്പോൾ ഫോണിൽ ബന്ധപ്പെട്ട് കിട്ടാതായപ്പോൾ കലക്ടറേറ്റിൽചെന്ന് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. തുടർന്ന് കലക്ടർക്കും വെസ്റ്റ് പൊലീസിനും പരാതി നൽകി. അസി. കമീഷണർ സലീഷ് എൻ ശങ്കരൻ, തൃശൂർ വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, എസ്ഐമാരായ സാബു തോമസ്, വി ബി അനൂപ്, എഎസ്ഐ ജോസഫ്, സിപിഒമാരായ ഹരീഷ് കുമാർ, ദീപക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


