അന്തിക്കാട് ( തൃശൂർ) മേൽക്കൂര ചോർന്നൊലിച്ച് വീടിനുള്ളിൽ കെട്ടിനിന്ന വെള്ളം സി.സി.മുകുന്ദൻ എംഎൽഎയെ ചതിച്ചു. ഇന്നലെ പുലർച്ചെ വീട്ടിലെത്തിയ എംഎൽഎ ഹാളിൽ തെന്നിവീണ് കാൽമുട്ടിനു പരുക്കേറ്റ് കിടപ്പിലായി. വി.എസ്.അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തി വീട്ടിലേക്കു കയറുമ്പോഴാണ് കാലിടറി വീണത്.

പ്രധാനവാതിൽ തുറന്ന് ഹാളിനുള്ളിൽ പ്രവേശിച്ച എംഎൽഎ തറയിൽ വെള്ളം കിടന്നതാറിയാതെ വീഴുകയായിരുന്നു. കാലിൽ വേദനയും നീരുമുള്ളതിനാൽ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഡോക്ടർമാർ 2 ആഴ്‌ച വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഗവ. ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സിപിഐക്കാരനായ എംഎൽഎയുടെ കൊച്ചുവീട്. ചോർച്ചയുള്ള ഈ വീടാകട്ടെ ഇപ്പോൾ ജപ്തി ഭീഷണിയിലുമാണ്.


