തൃശൂര്‍: തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.
ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്.
ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ മാസം മുമ്പ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്.
തൃശൂരിലെ എംജി റോഡിൽ തന്നെയാണ് ഇന്നത്തെ അപകടവും ഉണ്ടായത്. റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞിട്ടും കോര്‍പ്പറേഷൻ മേയറടക്കമുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് രഘുനാഥിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്‍റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു.
ഇതേ തുടര്‍ന്ന് പുഴക്കൽ അയ്യന്തോള്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും റോഡ് ഉപരോധിക്കുകയാണിപ്പോള്‍. എംജി റോഡിൽ ബൈക്ക് യാത്രക്കാരനായ യുവാവിന്‍റെ മരണം ഉണ്ടായിട്ടും റോഡിലെ കുഴികൾ ഇറക്കാൻ മേയർ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ടാമത്തെ മരണത്തിനും മേയർ ഉത്തരവാദിയാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം നടക്കുന്നതിനിടെ ഇതുവഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പ്രവര്‍ത്തതര്‍ തടയുകയായിരുന്നു.


