തൃശൂർ:പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്ന് ഫോറൻസിക് പരിശോധന നടത്തി. ആദ്യ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ട ഒന്നാം പ്രതി അനീഷയുടെ നൂലുവള്ളിയിലെ വീടിൻ്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിനിന്റെ ആമ്പല്ലൂരിലെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടിടങ്ങളിൽ നിന്നും കുഞ്ഞുങ്ങളുടെ അസ്ഥികൾ കണ്ടെത്തി. അനീഷയുടെ വീടിന് പിന്നിലായിരുന്നു ആദ്യ പരിശോധന.ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്ന് കുഞ്ഞിന്റെ ചെറുവിരലിൻ്റെയും കൈമുട്ടിനോട് ചേർന്നുള്ള ഭാഗത്തിന്റെയും അസ്ഥികൾ കണ്ടെത്തി. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചു. ഇതിനുശേഷമാണ് ആമ്പല്ലൂരിലെ ഭവിനിൻ്റെ വീട്ടിലേക്ക് ഫോറൻസിക്ക് സംഘമെത്തിയത്. ഭവിനിനേയും വീട്ടിലെത്തിച്ചിരുന്നു. കുഴിച്ചിട്ട സ്ഥലം എവിടെയെന്ന് വ്യക്തത വരുത്തിയശേഷമായിരുന്നു പരിശോധന. കുഴിച്ച സ്ഥലം നിലവിൽ തോടാണ്. വെള്ളം വറ്റിച്ചശേഷമാണ് പരിശോധന ആരംഭിച്ചത്.പരിശോധനയിൽ ഇവിടെ നിന്നും അസ്ഥികൾ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും കണ്ടെടുത്ത അസ്ഥികൾ മരിച്ച കുട്ടികളുടേത്
തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്നും ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്നും ചാലക്കുടി ഡിവൈഎസ്‌പി പി കെ ബിജുകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട ആർഡിഒ സി ഷിബുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സിഐ എം മഹേന്ദ്ര സിംഹൻ, സി ഐ കെ കൃഷ്‌ണൻ, തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിജ് വിഭാഗത്തിലെ ഡോ. ഉന്മേഷ് എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.


