കാന്താര 2 സെറ്റിൽ വീണ്ടും മരണം. സംഘത്തിലെ മലയാളി മിമിക്രി താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ അഗുംബെയിൽ ഇന്നലെ രാത്രിയാണ് സംഭവം. തൃശൂർ സ്വദേശി നിജു വികെ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. അംഗുബൈയ്ക്ക് സമീപത്ത് ഒരു ഹോംസ്റ്റേയിലായിരുന്നു വിജു താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട വിജുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. വിജുവിൻ്റെ മൃതശരീരം തീർഥഹള്ളിയിലെ ജെസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ നിന്ന് ബന്ധുക്കൾ ഉടൻ ഇവിടേയ്ക്ക് എത്തും.
25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു.
നേരത്തെ കാന്താരയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചിരുന്നു. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരിയിലെ കപിൽ (33) ആണ് അന്ന് മരിച്ചത്. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
1
