യാത്രക്കാരനെന്ന പേരില്‍ കെഎസ്‌ആർടിസി ഡിപ്പോകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്‌ത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. കൃത്യമായി മറുപടി നല്‍കാത്ത ഒമ്പത് കണ്ടക്‌ടർമാരെ സ്ഥലംമാറ്റി. പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കണ്‍ട്രോള്‍ റൂം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും ഗതാഗത മന്ത്രി ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ നടത്തി നടപടിയെടുത്തിട്ടുണ്ട്. കണ്‍ട്രോള്‍ റൂം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അതിനാല്‍, ജനങ്ങള്‍ക്ക് പരാതി അറിയിക്കാനും മറ്റ് സേവനങ്ങള്‍ക്കുമായി ഒരു ആപ്പ് വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരനെന്ന വ്യാജേന മന്ത്രി വിളിച്ചത്. ആദ്യം വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല.
പിന്നീട് എടുത്തപ്പോള്‍ സംശയങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് കെഎസ്‌ആർടിസി എംഡിയെ വിളിച്ചശേഷം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാതൃവകുപ്പിലേക്ക് അയക്കാൻ അറിയിച്ചത്. വനിതാ ജീവനക്കാർ ഉള്‍പ്പെടെയുള്ള ഒമ്പതുപേരെയാണ് കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.