Tuesday, June 17, 2025
HomeBREAKING NEWSകപ്പൽ അപകടം: പരിക്കേറ്റ ആറ് നാവികരിൽ രണ്ട് പേരുടെ നില ഗുരുതരം
spot_img

കപ്പൽ അപകടം: പരിക്കേറ്റ ആറ് നാവികരിൽ രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: കേരള തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മം​ഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. പുകശ്വസിച്ച് ആരോ​ഗ്യനില വഷളായ രണ്ട് പേരുടെ ആരോ​ഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് മുഖത്തും കയ്യലും കാലിലും ​ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് പുകശ്വസിച്ച് ഇവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 പേരിൽ ആരോ​ഗ്യനില തൃപ്തികരമായ 12 പേരെ ഹോട്ടലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, മ്യാൻമറിൽ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് 18 പേരിലുള്ളത്.

ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കപ്പൽ കത്തിയമരുകയാണ്. കപ്പലിനുള്ളിലെ കണ്ടെയ്നറുകളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടെന്നത് തീകെടുത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നുണ്ട്. ഇതിനിടെ കടലിൻ്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന അപകടരമായ വസ്തുക്കൾ ഉള്ള കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്നും മുന്നറിയിപ്പുണ്ട്.

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ചില കണ്ടെയ്‌നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണ്. തീപ്പിടിക്കാന്‍ സാധ്യതയുള്ളതും പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ കപ്പലിന്റെ അടുത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയോ മറ്റ് കപ്പലുകളോ എത്തുന്നത് ദുഷ്കരമാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് നിലവിലുള്ളത്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉള്‍ക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments