തൃശൂർ:സേലത്ത് വാഹനാപകടത്തില്‍ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയില്‍ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും പള്ളിയില്‍ എത്തി. പള്ളിയിലെ പ്രാർത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ പള്ളിയില്‍ എത്തി.
ന്യൂസിലൻഡില്‍ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകള്‍ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി. തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയില്‍ നിന്ന് ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ മുണ്ടൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു. സേലം ബംഗളൂരു പാതയില്‍ ധർമ്മപുരി ഹൊഗെനക്കല്‍ പാലക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടില്‍ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.
മുൻപില്‍ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോള്‍ നിയന്ത്രണം കിട്ടാതെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കിയ കാർണിവല്‍ പിറകില്‍ ഇടിക്കുകയായിരുന്നു. ഈ സമയം ഷൈനും പിതാവ് ചാക്കോയും അമ്മ മരിയയും പിറകിലെ സീറ്റിലും ഷൈനിന്റെ സഹോദരൻ ജോ ജോണ്‍ ചാക്കോ ഡ്രൈവർക്ക് ഇടതുവശമുള്ള സീറ്റിലുമായിരുന്നു. ഷൈനിന്റെ സഹായി അനീഷായിരുന്നു കാർ ഓടിച്ചിരുന്നത്. പിതാവ് ചാക്കോയുടെ സംസ്‌കാരത്തിനുശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തൃശൂർ സണ്‍ ആശുപത്രി മെഡിക്കല്‍ ബോർഡിന്റെ തീരുമാനം. കൈക്ക് പ്ലാസ്റ്ററിട്ടതിനാല്‍ ശസ്ത്രക്രിയ പിന്നീട് മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇടുപ്പിന് പരിക്കേറ്റ അമ്മയ്ക്കും ആറാഴ്ചത്തെ ചികിത്സ വേണ്ടിവരും. ഇന്ന് രാവിലെ മുണ്ടൂർ കർമ്മലമാത പള്ളിയില്‍ പിതാവ് ചാക്കോയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഷൈൻ ടോമും പങ്കെടുക്കുമെന്ന് കുടുംബം അറിയിച്ചു.
പരിക്കേറ്റ ഷൈനിനെയും അമ്മ മരിയയെയും വെള്ളിയാഴ്ച രാത്രി പത്തോടെയാണ് തൃശൂരിലെ സണ്‍ ആശുപത്രിയിലെത്തിച്ചത്. ഷൈനിനെ കാണാൻ നിരവധി സിനിമാപ്രവർത്തകരും ആശുപത്രിയിലെത്തുന്നുണ്ട്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, സംവിധായകൻ കമല്‍, നടൻമാരായ ടൊവിനോ തോമസ്, ജയസൂര്യ, ശ്രീനാഥ് ഭാസി തുടങ്ങിയവർ ആശുപത്രിയില്‍ ഷൈനിനെയും അമ്മയെയും സന്ദർശിച്ചു.