മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ വേളയിൽ സിനിമയുടെ രണ്ടാം ദിന കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
റീ റിലീസ് ചെയ്ത് ആദ്യദിനത്തിൽ 35- 40 ലക്ഷം രൂപയായിരുന്നു സിനിമ നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപയാണ് സിനിമയുടെ കളക്ഷൻ. ബാംഗ്ലൂരിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ആറുലക്ഷം രൂപയാണ് ഇവിടെ നിന്നും കളക്ട് ചെയ്തത്. സിനിമ രണ്ടു ദിനം കൊണ്ട് ആകെ 1.20 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. ലിമിറ്റഡ് റിലീസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.