തൃശ്ശൂർ:ചാലക്കുടിയിൽ ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളിൽ ബന്ദിയാക്കി ഓൺലൈൻ തട്ടിപ്പ്. മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പൊലീസിനു വീട്ടമ്മ പരാതി നൽകി. പൊലീസ് വസ്ത്രം ധരിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരൻ എത്തിയത്.
ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിന്റെ കൂട്ടാളികൾ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തി.
ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ബാങ്കിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഓൺലൈൻ ട്രാൻസാക്ഷൻ അറിയില്ലെന്ന് പറഞ്ഞതോടെ ബാങ്കിൽ നിന്ന് നിക്ഷേപിക്കാൻ നിർദ്ദേശിച്ചു.
26,0000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ട്രീസ ബാങ്കിലെത്തി. അപ്പോഴും വിവരം പുറത്തു പറഞ്ഞില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാൽ പണം ട്രാൻസ്ഫർ ചെയ്യാൻ ആയില്ല. ഇതോടെ ഗൂഗിൾ പേ വഴി ചെയ്യാനായി നിർദ്ദേശം. പല ഗഡുക്കളായി 40000 രൂപയോളം ട്രാൻസ്ഫർ ചെയ്തു.
പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. അയൽവാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിരിക്കുകയാണ് വീട്ടമ്മ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമായതോടെ നേരത്തെ കേന്ദ്ര സർക്കാർ ബോധവത്കരണവുമായി രംഗത്തെത്തിയിരുന്നു.


