
തൃശൂര്‍: കയറിക്കിടക്കാന്‍ സ്വന്തമായൊരു വീടില്ല. ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ചതോടെ പത്തുവയസായ മകനൊപ്പം എവിടേക്കെന്നില്ലാത്ത യാത്രയിലാണ് വെങ്ങിണിശേരി കപ്പക്കാട് വാഴപ്പറമ്പില്‍ മേഘന. ഇരുവരുടെയും ദുരിതജീവിതം നേരിട്ടറിഞ്ഞിട്ടും അധികൃതരും കയ്യൊഴിഞ്ഞതോടെ മകനൊപ്പം മരിക്കാനായി റെയില്‍വേ ട്രാക്കിലെത്തി ഈ മുപ്പത്തിയേഴുകാരി.
‘ഈ കൊച്ചിനെയും കൊണ്ട് ഞാന്‍ എവിടെയൊക്കെ, എത്രനാള്‍ ഓടും സാറേ..? കയറിക്കിടക്കാന്‍ സ്വന്തമായൊരു വീടില്ല. അവധി കഴിഞ്ഞ് സ്‌കൂള്‍ നാളെ തുറക്കും. ഇവനെ ഞാന്‍ എവിടെനിന്ന് പറഞ്ഞുവിടും? എന്തു കൊടുത്തുവിടും?’ അഞ്ചാം ക്ലാസിലേക്കു ജയിച്ച ചേര്‍പ്പ് സിഎന്‍എസ് സ്‌കൂള്‍ വിദ്യാര്‍ഥി അങ്കിത് കൃഷ്ണനെ ചേര്‍ത്തുപിടിച്ച് മേഘന ഈ ചോദ്യം ചോദിക്കുമ്പോള്‍ അധികൃതര്‍ക്കും ഉത്തരമില്ല.
കഴിഞ്ഞ തിങ്കളാഴ്ച മഴയത്തു മകനെയും കൂട്ടി കുറേ നടന്നു, പലയിടത്തും ഇരുന്നു നേരം കഴിച്ചുകൂട്ടി. സന്ധ്യയായപ്പോള്‍ മകന്റെ കൈപിടിച്ച് കണിമംഗലം വളവില്‍ റെയില്‍വേ ട്രാക്കിലെത്തി. അമ്മ കൈമുറുകെ പിടിച്ചതും ട്രെയിന്റെ ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട അങ്കിത് ‘എന്നെ കൊല്ലണ്ട അമ്മേ, നമുക്കു ജീവിക്കാം’ എന്നു വിളിച്ചുപറഞ്ഞ് കുതറിയോടി.
നാട്ടുകാരും കൂര്‍ക്കഞ്ചേരി കൗണ്‍സിലര്‍ വിനേഷ് തയ്യിലും ചേര്‍ന്ന് ഇരുവരെയും ചേര്‍പ്പ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ഇടപെട്ട് ഒരൊറ്റ രാത്രി തങ്ങാന്‍ അമ്മയെയും മകനെയും അയ്യന്തോളിലെ ‘സ്‌നേഹിത’യിലേക്കു മാറ്റി. ഇട്ടിരുന്ന വസ്ത്രവും മാറാനുള്ള ഒരു ജോടി വസ്ത്രവും കുടയും മാത്രമുള്ള ബാഗും മകനെയും കയ്യില്‍പിടിച്ച് പൊലീസ് ഇടപെടലില്‍ മേഘന വീണ്ടും ‘എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോരാവുന്ന’ ആ വീടുകയറുകയാണ്. കുരിയച്ചിറയിലെ പുറമ്പോക്ക് ഭൂമിയിലുള്ള വീട്ടില്‍ ഭര്‍തൃവീട്ടില്‍ കഴിയുമ്പോഴും സമാധാനം ഇല്ലായിരുന്നുവെന്ന് മേഘന പറയുന്നു.
മാനസിക പീഡനവും വഴക്കും തുടര്‍ന്നതോടെ പലവട്ടം പൊലീസില്‍ പരാതി നല്‍കി. ദുരിതം കണ്ടറിഞ്ഞ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇടപെട്ട് ഭര്‍ത്താവിനൊപ്പം ഒന്നു രണ്ട് തവണ വാടകവീടുകളിലേക്കു താമസം മാറ്റി. ഇതിനിടെ പലയിടത്തും ജോലിനോക്കി. തന്റെ പേരില്‍ ഭര്‍ത്താവെടുത്ത വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ആളുകളുടെ വരവു തുടങ്ങിയതോടെ വാടകവീടും ജോലിയും പോയി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ സ്വന്തം വീട്ടിലേക്കു മടങ്ങി.
തനിച്ചായ തന്നെയും മകനെയും സുഹൃത്തുക്കള്‍ മലപ്പുറത്തെ ഒരു ബാലാശ്രമത്തില്‍ കൊണ്ടുനിര്‍ത്തി. മകനെയൊപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാല്‍ മാനസിക സമ്മര്‍ദത്താല്‍ കുറച്ചുനാളുകള്‍ക്കു ശേഷം വെങ്ങിണിശേരിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. ഇവിടെയും വീട്ടുകാരുടെ സഹായമോ സുരക്ഷിതത്വമോ ലഭിച്ചില്ല. സഹോദരനുമായുള്ള നിരന്തര വഴക്കും ജീവഭയവും കാരണം ഒട്ടേറെ തവണ വീടുവിട്ടിറങ്ങി. പൊലീസ് സാന്നിധ്യത്തിലാണ് പലപ്പോഴും തിരികെ കയറിയത്. കുടുംബപ്രശ്‌നത്തില്‍ പൊലീസിന് ഇടപെടാനുള്ള പരിമിതി അറിയിച്ചതോടെ പല രാത്രികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കഴിയേണ്ടി വന്നു.
അവസാനം തിങ്കളാഴ്ച ഇരിങ്ങാലക്കുട റൂറല്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം വനിതാ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വീട്ടുകാര്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ കുഞ്ഞിനെയുംകൊണ്ട് മാറിത്താമസിക്കാനാണ് പൊലീസ് നിര്‍ദേശിച്ചത്. ഒടുവില്‍ മറ്റു വഴികളില്ലാത്തതിനാല്‍ മകനെയും കൂട്ടി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നു. മൂക്കില്‍ അണുബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ മേഘനയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ട ദിവസമായിരുന്നു ഇന്നലെ. ചികിത്സയ്ക്കുള്ള പണവും കൂട്ടിരിപ്പുകാരും ഇല്ലാത്തതിനാല്‍ ചികിത്സ വേണ്ടെന്നുവച്ചിരിക്കുകയാണ്.