Sunday, December 14, 2025
HomeBREAKING NEWSഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
spot_img

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികൾ ആയ വിഷ്ണു, റെജില്‍ എന്നിവരെ ആണ് അഗളി പോലീസ് പിടികൂടിയത്. ചിറ്റൂര്‍ ഉന്നതിയിലെ ഷിജു(19)വിനാണ് കഴിഞ്ഞദിവസം ഇവരില്‍നിന്ന് മര്‍ദ്ദനമേറ്റത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്ന് ആണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്. ഷിജുവിനെ കെട്ടിയിട്ട് മര്‍ദിച്ചവര്‍തന്നെ ചിത്രം പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദനവിവരം പുറത്തറിഞ്ഞത്.

പ്രദേശവാസികളായ ആറുപേര്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റതിന്റെ മുറിപ്പാടുകള്‍ കണ്ണിലും ശരീരത്തിലുമുണ്ട്.

അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്ന് ശനിയാഴ്ചതന്നെ അഗളി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ. ഇ.പി. ഷെരീഫ പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചവരെയും പോലീസ് കേസെടുത്തില്ല. മര്‍ദനവിവരം പുറത്തുവന്നതിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് അഗളി പോലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

അതേസമയം, ഷിജു അഞ്ചുവാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്ഐ ആര്‍. രാജേഷ് പറഞ്ഞു. വാഹനയുടമ ജോയിയുടെ മകന്‍ ജീന്‍സണ്‍ നല്‍കിയ പരാതിയില്‍ രണ്ടുദിവസംമുന്‍പ് ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഷിജു ആശുപത്രിയില്‍ ചികിത്സതേടിയതെന്നുമാണ് പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments