നടൻ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. നടൻ്റെ മുൻ മാനേജർ ബിബിൻ നൽകിയ പരാതിയിലാണ് കേസ്. തന്നെ കയ്യേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജരുടെ പരാതി.
മാനേജർ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ എത്തിയ നടൻ തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തുവെന്നും പരാതിയിലുണ്ട്.
മാനേജരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസ്സെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

“ഉണ്ണി മുകുന്ദൻ ഇന്ന് രാവിലെ എന്നെ വിളിച്ച്, ഞാൻ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴേക്ക് വരാനായി പറഞ്ഞു. കുറേ അസഭ്യമൊക്കെ പറഞ്ഞു. ഫ്ളാറ്റിലെ ബേസ്മെന്റിലുള്ള പാർക്കിം ഗിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞാന‍് ആറ് കൊല്ലമായി ഉണ്ണിക്കൊപ്പമുണ്ട്, ഈ അടുത്ത കാലത്ത് മാർക്കോക്ക് ശേഷം കൃത്യമായൊരു വിജയമില്ലാത്തതിന്റെ ഫ്രഷ്സ്ട്രേഷൻ ഉണ്ണിക്കുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിൻമാറി. ഗെറ്റ് സെറ്റ് ബേബിയൊക്കെ പരാജമായിരുന്നു. പുതിയ പടം കിട്ടാത്തതിന്റെയും പ്രശ്നമുണ്ട്. കൂടെയുള്ളവരോടാണ് ഉണ്ണി ഇതൊക്കെ തീർക്കുന്നത്. കൂടെയുണ്ടായിരുന്ന പലരും ഉണ്ണിക്കൊപ്പം ഇപ്പോഴില്ല.
ഞാൻ ഫിലിം പ്രമോഷൻ കൺസൾട്ടന്റാണ്. നരിവേട്ട ഞാൻ പ്രമോഷൻ ചെയ്ത പടമാണ്. പല സിനിമകളും ചെയ്യാറുണ്ട്. അടുത്തിടെ നരിവേട്ടയുടെ റിലീസിന് മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചത്. അന്ന് പോസ്റ്റിട്ട ദിവസം രാത്രി ഞാൻ ഉണ്ണി എന്നെ വിളിച്ച് ഇനി മാനേജരായി വേണ്ട എന്ന് പറഞ്ഞു.
എന്റെ കണ്ണടയൊക്കെ ചവിട്ടിപ്പൊട്ടിച്ചു. അത് വേറൊരു താരം എനിക്ക് സമ്മാനമായി തന്നതാണ്. ഞാന‍് ആറ് വർഷമായി ഉണ്ണിയുടെ കൂടെ വർക്ക് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രി അറിയേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ണി മുകുന്ദനെതിരെ വരാനുണ്ട്, അതൊക്കെ ഞാൻ വഴിയേ പറയാം.”