മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളാണ് സത്യന്‍ അന്തിക്കാട്. കുറുക്കന്റെ കല്യാണം എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എന്നും മലയാള മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ചു. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം.എ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം, മൈ ഡിയര്‍ മുത്തച്ഛന്‍, ഗോളാന്തര വാര്‍ത്ത, ഇരട്ടകുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളൊക്കെ ഈ കൂട്ടുകെട്ടില്‍ എത്തിയവയാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. തനിക്ക് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍ എന്നാണ് അദ്ദേഹം പറയുന്നത്. സന്ദേശം എന്ന സിനിമ കഴിഞ്ഞ സമയത്ത് തനിക്ക് കിട്ടിയ ഊമക്കത്തുകള്‍ക്ക് കണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എനിക്ക് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനി. സന്ദേശം കഴിഞ്ഞ സമയത്ത് എനിക്ക് കിട്ടിയ ഊമക്കത്തുകള്‍ക്ക് കണക്കില്ല. സമൂഹത്തില്‍ വളരെ ആഴത്തില്‍ ആണ്ടിറങ്ങുന്ന വിമര്‍ശനങ്ങള്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കുകയും അതെന്റെ സിനിമയായത് കൊണ്ട് എനിക്കും അതിന്റെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
പക്ഷേ എന്തൊക്കെ പറഞ്ഞാലും 30 കൊല്ലം മുമ്പ് പോളണ്ടിനെക്കുറിച്ച് പറയരുതെന്ന് പറഞ്ഞത് ഇപ്പോഴും ആളുകള്‍ പറയുന്നുണ്ട്. ‘ഈ ബുദ്ധി നമുക്കെന്താ നേരത്തേ തോന്നാഞ്ഞേ ദാസാ’ എന്ന സംഭാഷണവും നമ്മള്‍ കേള്‍ക്കുന്നുണ്ട്. നമ്മുടെ സ്ഥിരം പ്രയോഗമായി മാറിയ ഒരുപാട് സംഭാഷണങ്ങള്‍ ശ്രീനി എഴുതിയിട്ടുണ്ട്.
അതൊക്കെ എന്റെ സിനിമയിലൂടെയാകാന്‍ സാധിച്ചു എന്നത് സന്തോഷം നല്‍കുന്നു. തിരക്കഥ മാത്രം വെച്ച് തുടങ്ങിയ സിനിമയാണ് സന്ദേശം. സംഭാഷണങ്ങള്‍ പലതും ചിത്രീകരണത്തിന്റെ ഇടയിലാണ് എഴുതിയിരുന്നത്.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, ഒരു 30 കൊല്ലം മുമ്പ് യുണിറ്റ് വാനിന്റെ അടുത്തിരുന്ന് ശ്രീനിവാസന്‍ എഴുതിയ സംഭാഷണങ്ങളാണല്ലോ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന്. എന്തൊക്കെ പറഞ്ഞാലും ഒരു മഹാപ്രതിഭയാണ് ശ്രീനിവാസന്‍ എന്ന് ഞാന്‍ സമ്മതിച്ചിരിക്കുകയാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.