
തൃശൂർ ജില്ലയിലെ ആദ്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്ന ഖ്യാതിയുള്ള മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസിൻ്റെ ശതാബ്‌ദി ആഘോഷം പൂർണതയിലേക്ക് കഥാകാരി മാധവിക്കുട്ടിക്കും സഹോദരി സുലോചന നാലപ്പാട്ടിനും പുന്നയൂർക്കുളത്തു നിന്നെത്തി താമസിച്ചു പഠിക്കാൻ ഇടമൊരുക്കിയത് ഈ വിദ്യാലയമാണ്. സിഎസ്എസി സഭാസ്ഥാപകയായ ‘മദർ തെരേസ ഓഫ് സെൻ്റ് റോസ് ഓഫ് ലിമ പെൺകുട്ടികൾക്കായി 1887ൽ ആരംഭിച്ച സെന്റ് തെരേസാസ് സമുച്ചയത്തിന്റെ ആദ്യ ശാഖ ആയാണ് 1921ൽ തൃശൂരിൽ സെന്റ് ജോസഫ്സ് കോൺവൻ്റ് സ്‌ഥാപിതമായത്.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് പട്ടാളക്കാർക്കു താമസിക്കാൻ ബ്രിട്ടിഷ് അധികൃതർ എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഏറ്റെടുത്തപ്പോൾ കോളജ് താത്കാലികമായി തൃശൂർ സെന്റ് ജോസഫ്സിൽ ആണ് പ്രവർത്തിച്ചത്. “ലത്തീൻ മഠം’ എന്നറിയപ്പെട്ട ഇവിടുത്തെ 2 ചെറുമുറികളിൽ 30 കുട്ടികൾ വീതമായി ആരംഭിച്ച സ്‌കൂളിൽ ഇന്ന് രണ്ടായിരത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.


