കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസിൽ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ് ആണ് പിടിയിലായത്.
ക്രൈം ബ്രാഞ്ച് ഐ.ജി പി. പ്രകാശിന്‍റെ നിർദേശത്തെ തുടർന്ന് എസ്.പി പ്രജീഷ് തോട്ടത്തിൽ, ഡി.വൈ.എസ്.പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മടിക്കേരിയിൽ നിന്നുമാണ് പ്രതി പിടിയിലായത്. പ്രതിയെ അന്വേഷണ സംഘം കാഞ്ഞങ്ങാട് തെളിവെടുപ്പിനെത്തിച്ചു.
പെൺകുട്ടിയെ കൊന്ന് പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും തെളിവ് ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല. രേഷ്മയുടെത് കൊലപാതകമെന്ന് തെളിയിക്കാൻ വഴിത്തിരിവായത് ഒരു എല്ലിൻ കഷ്ണമാണ്. ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽ നിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയിരുന്നു. എന്നാൽ രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല.
2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും പ്ലസ്‌ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. പിന്നീട് 2011 ജനുവരി 19ന് പെൺകുട്ടിയുടെ അച്ഛൻ എം സി രാമൻ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തി. പ്രതീക്ഷ വിഫലമായി. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പെൺകുട്ടിയെ പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് എന്നയാൾ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അവർ പൊലീസിൽ പരാതിയും നൽകി.