തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉത്തരവ് നല്‍കി. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രദീപ് കുമാറിനെ നിയമിച്ചിരിക്കുന്നത്.
ഡിവൈഎഫ്‌ഐ നേതാവായാണ് പ്രദീപ് കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് ജനപ്രതിനിധിയായ ശേഷം പ്രദീപ് കുമാർ കൊണ്ടു വന്ന പല പദ്ധതികളും ശ്രദ്ധേയമായിരുന്നു. അതേസമയം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ പ്രദീപ് കുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല. കണ്ണൂരില്‍ നിന്നുമൊരാള്‍ സ്ഥാനത്തെത്തുമെന്നായിരുന്നു സൂചന.
വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവാണ് എ പ്രദീപ് കുമാര്‍. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ നിന്നും 2006ലും 2011ലും 2016ലും എംഎല്‍എയായി നിയമസഭയിലെത്തി. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കുന്ന പ്രദീപ് കുമാര്‍ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന നേതാവാണ്.
കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായിരിക്കവേ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായിരുന്നു. നടക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര സ്‌കൂളാക്കി മാറ്റിയത് അടക്കമുള്ള പ്രിസം പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രദീപ് കുമാറിന്റെ എംഎല്‍എ കാലത്തെ ശ്രദ്ധേയമാക്കി. സര്‍ക്കാര്‍ തലത്തില്‍ സ്‌കൂളുകളെ മികച്ചതാക്കാനുള്ള പദ്ധതികള്‍ക്ക് മുമ്പ് തന്നെ കോഴിക്കോട് നോര്‍ത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നയാളാണ് പ്രദീപ് കുമാര്‍.
എന്നാല്‍ വിഭാഗീയതയുടെ സമയത്ത് വിഎസ് അച്യുതാനന്ദന്‍ പക്ഷക്കാരനായിരുന്നു പ്രദീപ് കുമാര്‍. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റിലേക്കും മന്ത്രിസഭയിലേക്കും പ്രദീപ് കുമാര്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. പല തരത്തിലുള്ള അവഗണനകള്‍ നേരിട്ടുണ്ടെങ്കിലും ഗ്രൂപ്പ് വിഭാഗീയതയോടെ മാറ്റിനിര്‍ത്തിയവരെ ചേര്‍ത്ത് പിടിക്കുന്നുവെന്ന സൂചനയാണ് പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
അതേസമയം തന്നെ മുഖ്യമന്ത്രി നേരിട്ടാണ് വിവരമറിയിച്ചതെന്ന് എ പ്രദീപ് കുമാര്‍ പ്രതികരിച്ചു. 21ന് ചുമതലയേല്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് ശക്തമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണെന്നും സ്ഥാനലബ്ദി അല്ല ചുമതലയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണ തുടര്‍ച്ച എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.