തൃശ്ശൂർ: കഞ്ചാവ് നൽകിയശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 75 വർഷം കഠിനതടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. ചൊവ്വൂർ സ്വദേശി ശ്രീരാഗി(25)നെയാണ് തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജി ജയപ്രഭു ശിക്ഷിച്ചത്.
പെൺകുട്ടി എൽകെജി വിദ്യാർഥിനിയായിരുന്ന കാലംമുതൽ പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടി അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാൻ നൽകിയതിന് ശേഷവും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ചേർപ്പ് പോലീസ് ഇൻസ്പെക്‌ടർമാരായ വി.എസ്. അനീഷ്, സി.വി. ലൈജുമോൻ തുടങ്ങിയവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. സുനിത, അഡ്വ. ഋഷി ചന്ദ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. എഎസ്ഐ വിജയശ്രീ, സിവിൽ പോലീസ് ഓഫീസർ അൻവർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.