കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാറും സംസ്ഥാനത്തെ പ്രതിപക്ഷവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിലെ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പതിനായിരങ്ങളാണ് എൽഡിഎഫ് ജില്ലാ റാലിക്കായി തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ 9 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറയുമ്പോൾ വലിയ ഹർഷാരവമാണ് ഉയർന്നത്.
2016 ൽ യുഡിഎഫ് സർക്കാരാണ് അധികാരത്തിൽ വന്നതെങ്കിൽ കേരളത്തിന് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരും മറ്റ് മുന്നണി നേതാക്കളും സംസാരിച്ചു.