ഛോട്ടാ മുംബൈ. മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത്, 2007 ൽ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിൽ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹൻലാൽ ആരാധകർ ആവശ്യപ്പെടുന്ന റീ റിലീസുകളിൽ ഒന്നാണ് ഇത്. മോഹൻലാലിൻ്റെ വരുന്ന പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജുവും ഈ ഡേറ്റ് കൺഫേം ചെയ്‌തിരുന്നു. പിന്നീട് റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഛോട്ടാ മുംബൈ തിയറ്ററിലേക്ക് വീണ്ടും വൈകും എന്നാണ് പുതിയ അറിയിപ്പ്. തുടരും വിജയകരമായ പ്രദർശനം തുടരുന്നതിനാൽ ചിത്രം അൽപം വൈകും എന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ മണിയൻപിള്ള രാജു തന്നെ അറിയിച്ചിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാൽ അത് അത്രയും എൻ്റർടെയ്ൻമെന്റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദർഭങ്ങളും ചിത്രത്തിൽ ആവോളം ഉണ്ടായിരുന്നു. മോഹൻലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തിൽ എത്തി. മോഹൻലാൽ തല എന്ന് കൂട്ടുകാർ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോൾ നടേശൻ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ മണി ആയിരുന്നു.
ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ, ബാബുരാജ്, സനുഷ, ഗീത വിജയൻ, രാമു, കുഞ്ചൻ, നാരായണൻകുട്ടി, സന്തോഷ് ജോഗി, ബിജു പപ്പൻ, കൊച്ചുപ്രേമൻ, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.