തൃശൂർ:സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പൂരം പുസ്തകോത്സവത്തിന് അക്കാദമി വൈലോപ്പിള്ളി ഹാളിൽ തുടക്കമായി. അക്കാദമി പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി സി പി അബൂബക്കർ, നിർവാഹകസമിതിയംഗം കെ പി രാമനുണ്ണി എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, എൻബിഎസ്, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം, കേരള ഫോക് ലോർ അക്കാദമി, വള്ളത്തോൾ വിദ്യാപീഠം, ഇൻ വിഷൻ മീഡിയ, ചിന്ത പബ്ലിഷേഴ്‌സ്, കേരള ലളിതകലാ അക്കാദമി, സംസ്ഥാന പുരാരേഖാ വകുപ്പ്, കോഴിക്കോട് സർവകലാശാല, തുഞ്ചൻ സ്മാരകം, ഡോ. വയലാ വാസുദേവൻപിള്ള ഫൗണ്ടേഷൻ, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് തുടങ്ങിയ പ്രസാധകരുടെ പുസ്‌തകങ്ങൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. അക്കാദമി ആനുകാലികങ്ങളുടെ പഴയ പതിപ്പുകൾ പകുതി വിലയ്ക്കു ലഭ്യമാകും. മെയ് മൂന്ന് വരെയാണ് പുസ്‌തകോത്സവം. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ സ്റ്റാൾ പ്രവർത്തിക്കും.


