തൃശൂർ:തൃശൂർ പൂരത്തിലെ പ്രധാന ആകർഷണമായ പാറമേക്കാവ് വിഭാഗത്തിൻ്റെ ഇലഞ്ഞിത്തറ മേളത്തെ വരവേൽക്കാൻ ഇലഞ്ഞി മരം ഒരുങ്ങി. മൂന്നുറോളം കലാകാരന്മാരാണ് പാണ്ടി മേളത്തിൻ്റെ പെരുക്കത്തിനായി ഇലഞ്ഞിയുടെ ചുവട്ടിൽ അണിനിരക്കുക. വടക്കുന്നാഥ ക്ഷേത്രമുറ്റത്തെ പടിഞ്ഞാറേ ഗോപുരത്തിന് സമീപത്തെ ഇലഞ്ഞിക്ക് മുന്നിലാണ് മേളം പെയ്‌തിറങ്ങുക. പൂരദിവസം പാറമേക്കാവിൽനിന്ന് പാണികൊട്ടി പുറപ്പെട്ട് ചെമ്പട താളത്തിൻ്റെ അകമ്പടിയിൽ തുടങ്ങുന്ന മേളത്തിൽ 300 ലേറെ കലാകാരന്മാർ അണിനിരക്കും. പകൽ രണ്ടുമുതൽ നാലുവരെയാണ് മേളം കൊട്ടിത്തിമിർക്കുക. വിദേശികളടക്കം നിരവധി പേർ മേളം ആസ്വദിക്കാനെത്താറുണ്ട്. ഇലഞ്ഞിത്തറ മേളം ഉച്ചസ്ഥായിയിലാകുമ്പോൾ തലയാട്ടി താളം പിടിച്ചു നിൽക്കുന്ന ആയിരങ്ങളിലേക്ക് ഇലഞ്ഞിയിലകൾ പൊഴിഞ്ഞു വീഴുമെന്നാണ് പഴമക്കാർ പറയുന്നത്. നേരത്തേയുണ്ടായിരുന്ന ഇലഞ്ഞി മരം 2000ലെ മഴക്കാലത്ത് കടപുഴകി വീണിരുന്നു. പിന്നീടാണ് ഇപ്പോഴത്തെ മരം വച്ചുപിടിപ്പിച്ചത്.