തൃശൂർ: നഗരം പൂരാവേശത്തിലേക്ക് വഴി മാറുന്നു. പാറമേക്കാവ് വിഭാഗം പന്തലിന് കാൽനാട്ടി. പൂരത്തിനുള്ള അണിയറ ഒരുക്കങ്ങളും സജീവമായി. ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, മറ്റ് ആടായാഭരണങ്ങൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. വെടിക്കെട്ട് അനിശ്ചിതത്വത്തിന് വിരാമമായത് വെടിക്കെട്ട് കമ്പക്കാരിൽ ആഹ്‌ളാദത്തിന്റെ പൂത്തിരി വിടർത്തി കഴിഞ്ഞു. കൊമ്പൻമാർ ആരൊക്കെ എന്നത് സംബന്ധിച്ച് പാറമേക്കാവ് വിഭാഗം പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി. അതേസമയം, തിരുവമ്പാടി വിഭാഗം ഇതിലേക്ക് പ്രവേശിക്കുന്നതേയുള്ളൂവെന്ന് സെക്രട്ടറി പറഞ്ഞു. വാദ്യകലാകാരൻമാരെയും ഇരു ദേവസ്വങ്ങളും നിശ്ചയിച്ചു. മഠത്തിൽ വരവ് പഞ്ചവാദ്യം ഇക്കുറിയും കോങ്ങാട് മധുവിന്റെ പ്രമാണത്തിലാണ്. ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും തിരുവമ്പാടിയുടെ ശ്രീമൂലസ്ഥാനം മേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും നേതൃത്വം നൽകും. പാറമേക്കാവ് പന്തൽ കൽനാട്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, മുൻമന്ത്രി വി.എസ്.സുനിൽകുമാർ, ഡോ. ബാലഗോപാൽ, ജി.രാജേഷ്, നന്ദകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
തിരുവമ്പാടിയുടെ പന്തൽ കാൽനാട്ടൽ 25ന്
തിരുവമ്പാടി വിഭാഗം പന്തലുകൾക്ക് 25ന് കാൽനാട്ടും. നടുവിലാൽ പന്തൽ സെയ്തലവിയും നായ്ക്കനാൽ പന്തൽ മണികണ്ഠനുമാണ് ഒരുക്കുന്നത്. പാറമേക്കാവിന് ഒരെണ്ണവും തിരുവമ്പാടിക്ക് രണ്ട് പന്തലുകളുമാണ് ഉള്ളത്. ഘടക ക്ഷേത്രങ്ങളിലും പൂരം ഒരുക്കങ്ങൾ സജീവമായി. പൂരത്തിന് വിളംബരമറിയിക്കുന്നതിന് എത്തുന്ന നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാറാണ്.
കുരുക്കിൽ അമരും
പന്തൽ നിർമ്മാണം ആരംഭിച്ചതും കുറുംപ്പം റോഡ് പൂർണമായും തുറന്നു കൊടുക്കാത്തതും വരും ദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിവച്ചേക്കും. കുറുപ്പം റോഡിൽ കോൺക്രീറ്റിംഗ് പൂർത്തിയായെങ്കിലും സൈഡ് മണ്ണിട്ട് നികത്താൻ പോലും നടപടിയായിട്ടില്ല. പൂരത്തിന് മുമ്പ് ഇത് പൂർത്തിയാകില്ലെന്നാണ് വിവരം.