എമ്പുരാനിൽ നടന്ന സംഭവങ്ങൾ മാത്രമാണുള്ളതെന്ന് നടി ഷീല. നല്ല പടം ആണ് എമ്പുരാനെന്നും ഇത്തരത്തിലൊരു സിനിമ റിലീസ് ആയതിൽ അഭിമാനിക്കണമെന്നും അവർ പ്രതികരിച്ചു.
“എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ നമ്മൾ അഭിമാനിക്കണം. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ? മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നതിൽ അഭിമാനിക്കണം. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. കാണരുത് എന്ന് പറയുന്നത് തന്നെ പബ്ലിസിറ്റി നൽകും.” – ഷീല പറഞ്ഞു.
അതേസമയം എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പിൻ്റെ പ്രദർശനം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റിയാണ് എമ്പുരാൻ്റെ റി എഡിറ്റഡ് പതിപ്പ് തിയേറ്ററിൽ എത്തിയത്. 2 മിനിറ്റ് 8 സെക്കൻസ് നീക്കം ചെയ്തതാണ് പുതിയ പതിപ്പ് . പ്രധാന വില്ലൻ്റെ പേര് മാറ്റിയതോടെ സംഭാഷണങ്ങൾ വീണ്ടും ഡബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. പരീക്ഷ പ്രദർശനം നടത്തിയ ശേഷമാണ് സിനിമ തിയേറ്ററുകൾക്ക് ലഭ്യമായത്.
തിരുവനന്തപുരം ആർടെക് മാളിലാണ് എമ്പുരാൻ്റെ പുതിയ പതിപ്പ് ആദ്യം പ്രദർശിപ്പിച്ചത്. 24 ഭാഗങ്ങളാണ് സിനിമയിൽ നിന്ന് നീക്കിയത്. എൻഐ എ എന്ന പരാമർശം മ്യൂട്ട് ചെയ്തു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ പങ്ക് തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെട്ടതോടെയാണ് എമ്പുരാൻ സിനിമയ്ക്കെതിരെ സൈബർ ആക്രമണവും തുടരുന്നത്. പിന്നാലെയാണ് സിനിമ റീ എഡിറ്റ് ചെയ്യേണ്ടി വന്നത്.